കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന'ബ്ലാക്ക്മാസ്' അഥവാ 'സാത്താന് സേവ' വിശ്വാസികള്‍ ഗൌരവമായിത്തന്നെ കാണേണ്ടതുണ്ട്. ക്രൈസ്തവര്‍ ഏറ്റവും വിശുദ്ധമായി കരുതുന്ന തിരുവോസ്തിയെത്തന്നെയാണ് ബ്ലാക്ക്മാസില് അവഹേളന കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിനായി പള്ളികളില്‍ നിന്ന് വെഞ്ചരിച്ച തിരുവോസ്തിയാണ് വിവിധ മാര്‍ഗങ്ങളിലൂടെ ഇത്തരക്കാര്‍ കൈക്കലാക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് ആലപ്പുഴ നഗരത്തിലെ വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ തിരുവോസ്തി മോഷണംപോയ സംഭവം.
ഞായറാഴ്ച വെള്ളാപ്പള്ളി പള്ളിയിലെ കുര്‍ബാനയ്ക്കുശേഷം പള്ളിവികാരി ഫാ.പോള്‍ കൊച്ചീക്കാരന് രണ്ടരയോടെ ഒറ്റമശ്ശേരി പള്ളിയില്‍ കുര്ബാനയ്ക്കുപോയ അവസരത്തിലാണ് സംഭവം നടന്നത്. സക്രാരിയിലെ രണ്ടു സിമ്പോറിയത്തിലാണ് തിരുവോസ്തി സൂക്ഷിച്ചിരുന്നത്. വൈകീട്ട് ആറുമണിയോടെ പള്ളിയിലെത്തിയ കപ്യാര് സോണിയാണ് മോഷണവിവരമറിഞ്ഞത്. എടുത്ത തിരുവോസ്തിയുടെ അംശങ്ങള്‍ അള്‍ത്താരയില്‍ ചിതറിക്കിടന്നിരുന്നു.
കപ്യാര് അറിയിച്ചതിനെത്തുടര്‍ന്ന് പള്ളിവികാരി ഉടന്‍തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വിശ്വാസികള്‍ തടിച്ചുകൂടി. സക്രാരിയുടെ ഒരു താക്കോല്‍ അള്‍ത്താരയിലും മറ്റൊന്ന് വികാരിയുടെ കൈവശവുമാണ് സൂക്ഷിച്ചിരുന്നത്. തിരുവോസ്തിക്കൊപ്പം അള്‍ത്താരയിലെ താക്കോലും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇതാദ്യമാണ് ആലപ്പുഴയില്‍ തിരുവോസ്തി മോഷണം നടക്കുന്നത്. സാത്താനെ ആരാധിക്കുന്ന വിഭാഗങ്ങള്‍ അടുത്തുള്ള തുമ്പോളി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. അളവറ്റ പണം സമ്പാദിക്കുന്നതിനും ശത്രുക്കളുടെ നാശത്തിനും ഉപകരിക്കുമെന്ന അന്ധവിശ്വാസത്തിന്റെ മറവിലാണ് രഹസ്യമായി സാത്താന് സേവയും ഇതര ആഭിചാര കര്‍മ്മങ്ങ ളും സംഘടിപ്പിക്കപ്പെടുന്നത്. ബിസിനസ് രംഗത്തെ അഭിവൃദ്ധി, ശത്രുഭയ നിവാരണം, ശത്രുനാശം എന്നിവയ്ക്കുവേണ്ടി എല്ലാ മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവര്‍ സാത്താന് സേവയ്ക്ക് എത്തുന്നുണ്ട്.
1594-ല്‍ ഫ്രാന്‍സിലാണ് ബ്ലാക്ക്മാസ് ആദ്യം ആരംഭിച്ചത്. ജനങ്ങളെ വഴിതെറ്റിക്കുന്ന ഈ ദുരാചാരത്തെ പല വിദേശരാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. തികച്ചും നിഗൂഢവും വൈകൃതങ്ങളുടെ കൂത്തരങ്ങുമാണ് ആഭിചാര കര്‍മ്മങ്ങള്‍ അരങ്ങേറുന്ന ഇടങ്ങള്‍. ലഹരിമരുന്നു സേവിച്ചശേഷം നടക്കുന്ന നഗ്നനൃത്തം, കറുത്ത നിറമുള്ള പാത്രത്തില്‍ ശേഖരിച്ച അശുദ്ധരക്തം, തലയോട്ടിയില്‍ ശേഖരിച്ച മൂത്രം തുടങ്ങിയവയാണ് മറ്റു പൂജാദ്രവ്യങ്ങള്‍. മയക്കുമരുന്നു ലഹരിയില്‍ സമനില തെറ്റിയ നിലയിലാണ് പലരും ഈ ദുരാചാരത്തില്‍ പങ്കാളിയാകുന്നത്. ലഹരി മരുന്നിന് അടിമകളായ നാട്ടുകാരോടൊപ്പം വിനോദസഞ്ചാരികളായെത്തുന്ന നിരവധി വിദേശികളും രഹസ്യമായി നടത്തുന്ന ആഭിചാരപൂജകളില് പങ്കെടുക്കുന്നു.
തിരുവോസ്തി ബ്ലാക്ക് മാസിനായി ദുരുപയോഗിക്കുന്നത് അടുത്തകാലത്ത് സഭാ നേതൃത്വത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. തിരുവോസ്തി വിശ്വാസികള്‍ക്ക് കൈവെള്ളയില്‍ വച്ചുകൊടുക്കുന്ന രീതി നിലവില്‍ വന്നതോടെയാണ് ആഭിചാര കര്‍മ്മങ്ങള്‍ക്ക് തിരുവോസ്തി ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചത്. ദുരുപയോഗം വ്യാപകമായതോടെതിരുവോസ്തി കൈവെള്ളയില്‍ വച്ചുകൊടുക്കുന്ന രീതി അവസാനിപ്പിക്കാന്‍ കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഈയിടെ തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ക്രൈസ്തവസഭകള്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവത്തിക്കേണ്ടതുണ്ട്. സക്രാരി എപ്പോഴും പൂട്ടി സൂക്ഷിക്കാനും അള്‍ത്താരയില്‍ സൂക്ഷിക്കുന്ന തിരുവോസ്തി മുഴുവനും സക്രാരിയ്ക്ക് ഉള്ളില്‍ത്തന്നെ സൂക്ഷിക്കാനും ശ്രദ്ധിക്കണം. അതുപോലെതന്നെ സക്രാരിയുടെ താക്കോല്‍ ഭദ്രമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പള്ളി അധികാരികള്‍ക്കുണ്ട്. സക്രാരിയുടെ താക്കോല്‍ അള്‍ത്താരയില്‍ത്തന്നെ സൂക്ഷിച്ചതാണ് വെള്ളാപ്പള്ളി പള്ളിയിലെ അനിഷ്ട സംഭവത്തിനു കാരണം.
പള്ളിയില്‍ എപ്പോഴും വിശ്വാസികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ല. ഞായറാഴ്ച ദിവസം ഉച്ചതിരിഞ്ഞ സമയമായിട്ടുകൂടി പള്ളി വിജനമായിക്കിടക്കുകയായിരുന്നു എന്നത് ഗുരുതരമായ അലംഭാവമാണ്. ഇതിനെ ഒറ്റപ്പെട്ട സംഭവമായിക്കണ്ട് മറന്നുകളയാതെ കാര്യത്തിന്റെ ഗൌരവം മനസിലാക്കി വൈദികര്‍ക്കും വിശ്വാസികള്‍ക്കും വേണ്ട മുന്നറിയിപ്പ് നല്കാന് സഭാനേതൃത്വം ശ്രദ്ധിക്കണം.
2 comments:
ആലപ്പുഴയില്‍ ബ്ലാക്ക്മാസ്സിനായി തിരുവോസ്തി മോഷ്ടിച്ചു
ക്രൈസ്തവര്‍ ഏറ്റവും വിശുദ്ധമായി കരുതുന്ന തിരുവോസ്തിയെത്തന്നെയാണ് ബ്ലാക്ക്മാസില് അവഹേളന കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിനായി പള്ളികളില്‍ നിന്ന് വെഞ്ചരിച്ച തിരുവോസ്തിയാണ് വിവിധ മാര്‍ഗങ്ങളിലൂടെ ഇത്തരക്കാര്‍ കൈക്കലാക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് ആലപ്പുഴ നഗരത്തിലെ വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ തിരുവോസ്തി മോഷണംപോയ സംഭവം.
പള്ളിയില്‍ ഒരു ടിവിയും സ്ഥാപിച്ച് കേബിള്‍ കണക്ഷനും എടുക്കുകയാണെങ്കില്‍ വിശ്വാസികളുടെ സാന്നിദ്ധ്യം മുഴുവന്‍ സമയവും ഉറപ്പുവരുത്താം.
Post a Comment