Thursday, September 23, 2010

ആഫ്രിക്കയിലെ അറബ് അധിനിവേശം

കമ്മ്യൂണിസ്റ്റുകളും ഇസ്ലാമികവാദികളും മറ്റുപാശ്ചാത്യവിരുദ്ധരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ അധിനിവേശം. ക്രൈസ്തവ രാഷ്ട്രങ്ങളെ, പ്രത്യേകിച്ച് അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ വന്‍ ശക്തികളെ കുറ്റപ്പെടുത്താനും താറടിച്ചുകാട്ടാനുമാണ് സാധാരണയായി അധിനിവേശം എന്ന വാക്കുപയോഗിക്കുന്നത്. 'ഇറാഖ് അധിനിവേശം' തുടങ്ങിയ പ്രയോഗങ്ങള്‍ തന്നെ ഉദാഹരണം. എന്നാല്‍ കേവലം ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം ഇത്തരം പ്രയോഗങ്ങള്‍ക്ക് അതുപ്രയോഗിക്കുന്നവര്‍ പോലും എന്തെങ്കിലും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നു തോന്നുന്നില്ല.അധിനിവേശം എന്ന പ്രയോഗം തന്നെയെടുക്കാം. അധിനിവേശം എന്ന വാക്ക്‌ കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു രാജ്യം മറ്റൊരു രാജ്യത്തിനുള്ളിലേയ്ക്ക്‌ അല്ലെങ്കില്‍ ഒരു സംസ്കാരം മറ്റൊന്നിനുള്ളിലേയ്ക്ക്‌ കടന്നുകയറുക എന്നതാണ്.ആ അര്‍ത്ഥത്തില്‍ ഇറാഖിലെ അമേരിക്കന്‍ ഇടപെടലിനെ കടന്നുകയറ്റമായി കണക്കാക്കാനാവുമോ? അമേരിക്കന്‍ സര്‍ക്കാര്‍ ഇറാഖിനെ അവരുടെ രാജ്യത്തോട് ചേര്‍ക്കുകയോ ഇറാക്കില്‍ താമസമുറപ്പിക്കാന്‍ അമേരിക്കയില്‍ നിന്ന്‍ ജനങ്ങളെ കൊണ്ടുവരികയോ ചെയ്തിട്ടില്ല. അമേരിക്കന്‍ സംസ്കാരവും ഭാഷയും വസ്ത്രധാരണരീതിയും ഇറാക്കില്‍ പ്രചരിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തിയിട്ടുമില്ല. എന്നിട്ടും ഇറാഖിലെ അമേരിക്കന്‍ സൈനിക ഇടപെടലിനെ 'അധിനിവേശം' എന്നുവിളിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നത് അവരുടെ ക്രിസ്ത്യന്‍ - പാശ്ചാത്യ - വിരുദ്ധ മനോഭാവം കാരണമാണ്. അതേസമയം യഥാര്‍ത്ഥ അധിനിവേശങ്ങളെ ഇക്കൂട്ടര്‍ കണ്ടില്ലെന്നു നടിക്കുന്നു.ടിബറ്റിലെ ചൈനീസ് അധിനിവേശം തന്നെ ഉദാഹരണം. ഇന്ന് ടിബറ്റുകാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ചൈനീസ് ഭരണത്തിനു കീഴില്‍ കഴിയുന്നതല്ല. മറിച്ച് ടിബറ്റന്‍ സംസ്കാരത്തെയും ഭാഷയെയും തുടച്ചുനീക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ്. ചൈനീസ് ഹാന്‍ വംശജരെ ടിബറ്റില്‍ താമസം ഉറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. അങ്ങനെ ടിബെറ്റുകാരെ ടിബറ്റില്‍ ന്യൂനപക്ഷമാക്കാമെന്നും ടിബറ്റിനെ ചൈനീസ് ഭാഷ സംസാരിക്കുന്ന, ചൈനീസ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള, ചൈനീസ് സംസ്കാരത്തിന് ആഴത്തില്‍ വേരോട്ടമുള്ള ഒരു പ്രദേശമാക്കി മാറ്റാമെന്നും ചൈനീസ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതാണ് യഥാര്‍ത്ഥ അധിനിവേശം. ഒരു രാജ്യം മറ്റൊരു രാജ്യത്തിലേയ്ക്ക്‌ കടന്നുകയറുന്ന അവസ്ഥ. ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന്‍റെ ഭാഗമാക്കാനുള്ള പച്ചയായ ശ്രമം. ഇതിനെ എന്തുകൊണ്ടാണ് മേല്‍പ്പറഞ്ഞവര്‍ അധിനിവേശം എന്നുവിളിക്കാത്തത്?


സാമ്രാജ്യത്വം എന്ന പദം എല്ലായ്പ്പോഴും പടിഞ്ഞാറുമായി ബന്ധപ്പെടുത്തി മാത്രം പറഞ്ഞു കേള്‍ക്കാറുള്ള ഒന്നാണ്. കോളനിവാഴ്ചയും അധിനിവേശങ്ങളും പാശ്ചാത്യ ക്രിസ്ത്യന്‍ രാഷ്ട്രങ്ങളുടെ മാത്രം സ്വന്തമാണെന്നാണ് വയ്പ്പ്. ഓറിയെന്റല്‍ സമൂഹങ്ങളുടെ സാമ്രാജ്യത്വപ്രവണതകളെ അതുകൊണ്ടു തന്നെ നാം കണ്ടില്ലെന്നു വെയ്ക്കാറാണ് പതിവ്‌. അമേരിക്കയുടെ ഇറാഖ്‌ 'അധിനിവേശത്തില്‍' ഉല്‍ക്കണ്ഠപ്പെടുന്ന മലയാളിസമൂഹം ചൈനയെയും തിബറ്റിനെയും സൗകര്യപൂര്‍വ്വം മറക്കുന്നത് അതുകൊണ്ടാണ്.

ഇന്നുവരെയുള്ള ലോകചരിത്രം പരിശോധിച്ചാല്‍ ഒരു സമൂഹമോ സംസ്കാരമോ മറ്റൊന്നിന്റെമേല്‍ കടന്നുകയറുന്നത് ഒരു പുതിയ കാര്യമല്ല എന്നു മനസിലാക്കാവുന്നതാണ്. എന്നാല്‍ ജനാധിപത്യമൂല്യങ്ങള്‍ ലോകമെങ്ങും പ്രാമുഖ്യം നേടുകയും മനുഷ്യാവകാശങ്ങളെപ്പറ്റി ഗൌരവമായി ചിന്തിക്കുന്ന ഒരു അന്തര്‍ദേശീയസമൂഹം ഉരുത്തിരിഞ്ഞു വരികയും ചെയ്തതിനുശേഷവും ഇത്തരം വംശീയ കടന്നുകയറ്റങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നത് തീര്‍ച്ചയായും ഗൌരവമായിത്തന്നെ കാണണം. രാഷ്ട്രീയ താല്‍പര്യങ്ങളുടെയും അജണ്ടകളുടെയും ഭാഗമായി ജനാധിപത്യരാഷ്ട്രങ്ങളെ അധിനിവേശശക്തികള്‍ എന്നു മുദ്രകുത്തി നാം കുരിശിലേറ്റുമ്പോള്‍ രക്ഷപ്പെടുന്നത് യഥാര്‍ത്ഥ കൊളോണിയലിസ്റ്റുകളാണ്.

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അപലപിക്കപ്പെട്ടിട്ടുള്ള ഒന്നാണ് അമേരിക്കന്‍ വന്‍കരകളിലെ ആദിമഗോത്രവര്‍ഗക്കാരുടെ മേല്‍ യൂറോപ്യന്മാര്‍ നടത്തിയ കടന്നുകയറ്റം. യൂറോപ്യന്മാരുടെ വരവിനുമുന്‍പ് ഇന്‍കാ, ആസ്ടെക്‌ തുടങ്ങിയ പ്രാചീന റെഡ്‌ ഇന്ത്യന്‍ നാഗരികതകള്‍ അമേരിക്കന്‍ വന്‍കരകളില്‍ നിലനിന്നിരുന്നു. സ്പാനിയാര്‍ഡുകള്‍, ഇംഗ്ലീഷുകാര്‍, തുടങ്ങിയ യൂറോപ്യന്‍ വംശജരുടെ കുടിയേറ്റം ഈ നാഗരികതകളെ പലതിനെയും ഭൂമുഖത്തുനിന്നും തുടച്ചുനീക്കി.അതുകൊണ്ടുതന്നെ അമേരിക്കന്‍ വന്‍കരകളിലെ യൂറോപ്യന്‍ അധിനിവേശം എന്നും പാശ്ചാത്യവിരുദ്ധന്മാരുടെ ശക്തമായ ആയുധം ആയിരുന്നു. ഇതിനോട്‌ വളരെയേറെ സമാനവും എന്നാല്‍ എപ്പോഴും വിസ്മരിക്കപ്പെടുകയും പലപ്പോഴും തമസ്കരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ആഫ്രിക്കയിലെ അറബ് അധിനിവേശം.


മൊറോക്കോ മുതല്‍ ഈജിപ്റ്റുവരെയുള്ള വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ അറബിരാഷ്ട്രങ്ങളാണ്. സഹാറയ്ക്ക് വടക്കും തെക്കുമുള്ള ആഫ്രിക്കയുടെ ഭാഗങ്ങള്‍ വംശീയമായി വ്യത്യസ്തങ്ങളാണ്. വടക്കന്‍ ആഫ്രിക്ക ചരിത്രപരമായി കൊക്കേഷ്യന്‍ വംശജര്‍ അധിവസിക്കുന്ന മേഖലയാണ്. റോമാക്കാരുടെ കാലത്ത് ഈ പ്രദേശം റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പില്‍ക്കാലത്ത് ഇസ്ലാം മതത്തിന്റെ ഉദയത്തിനുശേഷം മുസ്ലീങ്ങള്‍ ഈ പ്രദേശം പിടിച്ചടക്കുകയാണുണ്ടായത്. കാലക്രമേണ ഇവിടം അറബിമുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു മേഖലയായി മാറി. ഇത് പടയോട്ടങ്ങളുടെ കാലത്തെ കഥ. ഭൂതകാലത്തെ കീറിമുറിച്ച് കുറ്റവിചാരണ നടത്തുന്നതില്‍ അര്‍ത്ഥമില്ല. തങ്ങളുടെ പൂര്‍വികരുടെ കുറ്റം ഇന്നത്തെ തലമുറയുടെ മേല്‍ ആരോപിക്കാനുമാവില്ല. എന്നാല്‍ ഇന്നും അതേ അധിനിവേശപ്രക്രിയകള്‍ നിര്‍ബാധം തുടരുന്നുവെങ്കില്‍ അതിനുത്തരവാദികളായവരെ ഒറ്റപ്പെടുത്താനും പ്രതിരോധിക്കാനും മനുഷ്യാവകാശസ്നേഹികളായ എല്ലാവരും ജാതിവര്‍ഗഭേദമെന്യേ ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതാണ്.



സഹാറമരുഭൂമിക്ക് തെക്കുള്ള ആഫ്രിക്ക പരമ്പരാഗതമായി കറുത്തവര്‍ഗക്കാരുടെ മേഖലയാണ്. ആഫ്രിക്കന്‍ ഗോത്രമതങ്ങളും ക്രിസ്തുമതവുമാണ് ഈ പ്രദേശത്ത് നിലനിന്നുപോരുന്നത്. യൂറോപ്യന്‍ കോളനിവാഴ്ച്ചയ്ക്ക് വളരെ മുന്‍പുതന്നെ സബ്-സഹാറന്‍ ആഫ്രിക്കയില്‍ ക്രിസ്തുമതം പ്രചരിച്ചിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ക്രിസ്ത്യന്‍ രാഷ്ട്രമായ എത്യോപ്യ. അറബ് രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന സെമിറ്റിക്ക് ജീവിതശൈലിയില്‍നിന്നു വ്യത്യസ്തമായി സഹാറയ്ക്ക് തെക്കുള്ള നാടുകളില്‍ വേട്ടയാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും പ്രകൃതിയോടും കാടിനോടും ഇണങ്ങി കഴിയുന്ന ഗോത്രവര്‍ഗ ജീവിതശൈലിയാണുള്ളത്‌. നിരായുധരും നിസ്സഹായരുമായ ഈ ജനസമൂഹത്തിന്റെ ആവാസമേഖലയിലേയ്ക്ക് കുറേശ്ശെയായി കടന്നുകയറുകയാണ് സംഘടിതരും താരതമ്യേന പരിഷ്കൃതരുമായ അറബ് വംശജര്‍.


സുഡാനിലെ ദാര്‍ഫര്‍ മേഖലയില്‍ നടന്ന (ഇപ്പോഴും നിശബ്ദമായി തുടരുന്ന) വംശഹത്യ കേരളത്തിലെ മാധ്യമസമൂഹം പൂര്‍ണമായും തമസ്കരിക്കുകയാണ് ചെയ്തത്. കേരളത്തിലെ സാമൂഹിക-ബൌദ്ധിക-മാധ്യമരംഗങ്ങളില്‍ മേധാവിത്വം പുലര്‍ത്തുന്ന ഇസ്ലാമിക-ഇടതുപക്ഷലോബികള്‍ക്ക് ദാര്‍ഫറിലെ യാഥാര്‍ത്ഥ്യം അപ്രിയസത്യമാകുന്നതുകൊണ്ടാണിത്. ഒരു സമൂഹത്തെ മുഴുവന്‍ വികസനത്തിന്റെയും ആധുനികതയുടേയും ആഗോളമാനവീകതയുടെയും ശത്രുക്കളാക്കി, പ്രാദേശികവാദികളാക്കി, പിന്തിരിപ്പന്‍മാരാക്കി നിലനിര്‍ത്താന്‍ അവര്‍ക്ക്‌ തങ്ങള്‍തന്നെ നിര്‍മിച്ചുവെച്ച 'പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിന്റെയും' 'അമേരിക്കന്‍ അധിനിവേശത്തിന്റെയും' ഐതീഹ്യങ്ങള്‍ ആവശ്യമാണ്. ഈ മിത്തുകളെ അലോസരപ്പെടുത്തുന്ന യാതൊന്നും ജനങ്ങളിലേക്ക് എത്തുന്നത്‌ ഇക്കൂട്ടര്‍ക്ക് സഹിക്കാനാവില്ല. ഏതോ ഒരു ഡാനിഷ് പത്രത്തില്‍ മുഹമ്മദ് നബിയുടേത്‌ എന്നാരോപിക്കപ്പെടുന്ന (ഒരു ചിത്രവും മുഹമ്മദ്‌ നബിയുടേതാണ് എന്ന് സംശയലേശമെന്യേ പറയാനാവില്ല. കാരണം ഇസ്ലാമികസംസ്കാരം പ്രവാചകന്മാരുടെ ചിത്രങ്ങളോ ശില്‍പ്പങ്ങളോ സൂക്ഷിക്കാറില്ല.മുഹമ്മദ് നബിയുടെ മുഖച്ഛായ ഇങ്ങനെയാണ് എന്ന് പറയാന്‍ അതുകൊണ്ടുതന്നെ ആര്‍ക്കും കഴിയില്ല.) ഒരു കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇവിടുത്തെ ഒരു മാര്‍ക്സിസ്റ്റ്‌ തമ്പുരാന്‍ പറഞ്ഞത് "ഒരു ജനതയെത്തന്നെ അന്യവല്‍ക്കരിച്ചു കാണിക്കാനുള്ള സാമ്രാജ്യത്വ കുതന്ത്രത്തിന്റെ ഭാഗമാണിതെ"ന്നാണ്. ഡെന്‍മാര്‍ക്ക്‌ ഒരു കൊളോണിയല്‍ രാജ്യമല്ല. ഡെന്‍മാര്‍ക്കിനുപുറത്ത് ഡാനിഷ്ഭാഷയ്ക്കോ ആ ഭാഷയിലുള്ള പത്രങ്ങള്‍ക്കോ പ്രചാരമൊട്ടില്ലതാനും. എന്നിട്ടും ഇതില്‍ 'സാമ്രാജ്യത്വം' കണ്ടെത്തിയവര്‍ ദാര്‍ഫറിലെ കറുത്തവര്‍ഗക്കാരായ ഗോത്രജനതയെ സായുധരായ ജന്‍ജാവീദ് സൈന്യം കൊന്നൊടുക്കിയപ്പോഴും‍, ഗോത്രവര്‍ഗക്കാര്‍ പ്രാണരക്ഷാര്‍ത്ഥം എത്യോപ്യയിലേയ്ക്ക് പലായനം ചെയ്തപ്പോഴും (ഈ പലായനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ സുഡാനിലെ കാണാതായ ബാലകരുടെ കഥ പറയുന്ന ഗോഡ്‌ ഗ്ര്യൂ റ്റയേഡ് ഓഫ് അസ്‌ എന്ന ഡോക്യുമെന്റ്ററി ചിത്രം കാണുക.), ശേഷിച്ച കറുത്തവര്‍ പിറന്നുവീണ മണ്ണില്‍ ജീവിക്കാനുള്ള ആഗ്രഹം മൂലം സുഡാനെ 'ഇസ്ലാമിക രാഷ്ട്ര'മാക്കാനും 'ശരിഅത്ത്' പ്രാബല്യത്തില്‍ കൊണ്ടുവരാനും സമ്മതിച്ച് കരാറില്‍ ഒപ്പുവെച്ചപ്പോഴും അതില്‍ യാതൊരു അധിനിവേശവും കണ്ടെത്താനായില്ല.

[ആഫ്രിക്കയിലെ (അനുദിനം തെക്കോട്ടു വികസിച്ചുകൊണ്ടിരിക്കുന്ന) അറബ് അധിനിവേശമേഖല താഴെക്കാണാം.]


2 comments:

Georgekutty said...

ഇനി നമുക്ക് കീര്‍ത്തനമാലപിച്ച്, ഒലിവ് മലയിലേയ്ക്കു പോകാം. അവിടെയും ഇതേ പൊള്ളുന്ന പരമാര്‍ത്ഥം തന്നെ നമ്മെ കാത്തിരിക്കുന്നു.

പാഞ്ചജന്യം said...

Articles like this and naked truth like this will never reach public. The entire world is hijacked by Muslim fundamentalists.In Kerala no media is bold enough to write these kinds of issues but hey all join together to blame USA for all the miseries of the World.